Saturday, 24 June 2023

വെച്ചൂർ പശുക്കളുടെ പുനർജന്മവും ഡോക്ടർ ശോശാമ്മ ഐപ്പിന്റെ പോരാട്ടവും

SHARE
 കോട്ടയം : കേരളത്തിന്റെ തനത് കന്നുകാലി ഇനമായ വെച്ചൂർ പശുക്കൾ അപ്രത്യക്ഷമാവാൻ തുടങ്ങിയപ്പോൾ വെച്ചൂർ പശുക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമികവാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ ബഹുമതിക്ക് അർഹയാക്കിയത്.

വെച്ചൂർ പശുക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള മിഷൻ ഏറ്റെടുത്ത ശോശാമ്മ ടീച്ചർ തരണം ചെയ്ത പ്രതിസന്ധികളറിഞ്ഞാൽ സാംസ്കാരിക മലയാളം തലതാഴ്ത്തിയിരിക്കും. മലയാളത്തിലെ മികച്ച പരിസ്ഥിതിപക്ഷ പുസ്തകമാണ് ടീച്ചർ എഴുതിയ 'വെച്ചൂർ പശു പുനർജന്മം.'

                          https://www.facebook.com/keralahotelnews?mibextid=ZbWKwL

ഒരു മിണ്ടാപ്രാണി ജനുസ്സിനെ സംരക്ഷിക്കാനുള്ള പോരാട്ടം; ഉള്ളുലയ്ക്കുന്ന ജീവിതാനുഭവങ്ങളുടെ വായന

മണ്ണുത്തി വെറ്ററിനറി കോളേജിലെ ജനിതക വിഭാഗം അദ്ധ്യാപികയായിരുന്ന ശോശാമ്മ ഐപ്പ് ടീച്ചറുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ മണ്ണുത്തി വെറ്ററിനറി കലാലയത്തിൽ 1988-89 കാലഘട്ടത്തിലാണ് വെച്ചൂർ പശു സംരക്ഷണത്തിനായി വെച്ചൂർ പരിരക്ഷണ ക്യാംപെയിൻ ആരംഭിച്ചത്.

അക്കാലത്ത് വംശനാശം വന്നതായി കരുതപ്പെട്ടിരുന്ന വെച്ചൂർ പശുക്കളെ കണ്ടെത്തുന്നതിനായി പശുവിനെ വളർത്തുന്നവരെ തേടി ശോശാമ്മ ടീച്ചറും വിദ്യാർത്ഥി സംഘവും വെച്ചൂരിലെ കർഷകരുടെ വീടുകളിൽ മാത്രമല്ല വായനശാലയിലും കള്ളുഷാപ്പുകളിലുംവരെ കയറിയിറങ്ങി. അന്ന് കാർഷിക സർവ്വകലാശാല വൈസ്ചാൻസിലറായിരുന്ന ഡോ. ശൈലാസ് അനുവദിച്ച ഇരുപതിനായിരം രൂപകൊണ്ട് എട്ട് പശുക്കളെ വെച്ചൂരിൽനിന്ന് വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്നാണ് 1989- ൽ പദ്ധതിയ്ക്ക് ആരംഭം കുറിച്ചത്.
വെച്ചൂർ പരിരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ടീച്ചർക്കൊപ്പം സഹകരിക്കുന്നതു തടയാൻ വരെ നീക്കം ഉണ്ടായി. ശോശാമ്മ ടീച്ചറെ സഹായിച്ച വിദ്യാർത്ഥികളെ വഴിയിൽ തടയുകയും അവർ ടീച്ചറുടെ വീട്ടിൽ വരുന്നത് വിലക്കാനും ശ്രമമുണ്ടായി.

അതൊന്നും ഫലിക്കാതെ വന്നപ്പോൾ വെച്ചൂർ പരിരക്ഷണ പരിപാടിക്ക് ടീച്ചർ സഹകരിപ്പിക്കുന്നത് ഇടതുപക്ഷ അനുഭാവമുള്ള വിദ്യാർത്ഥികളെ മാത്രമാണെന്ന് ദുരാരോപണം വന്നു.

 അത് പരാതിയായി വൈസ് ചാൻസിലറുടെ മുന്നിലെത്തി.രാഷ്ട്രീയവും മതവും ജാതിയുമൊന്നും നോക്കിയല്ല വിദ്യാർത്ഥികളെ സഹകരിപ്പിച്ചതെന്ന കുറിയ്ക്കു കൊള്ളുന്ന മറുപടിയാണ് ആ ദുരാരോപണത്തിന് അന്ന് നൽകിയതെന്ന് ശോശാമ്മ ടീച്ചർ എഴുതുന്നു.

ചെകുത്താൻ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത കൊടുംക്രൂരതകളാണ് അന്ന് മിണ്ടാപ്രാണികളോട് കാണിച്ചതെന്ന് പുസ്തകത്തിൽ ശോശാമ്മ ടീച്ചർ തുറന്നെഴുതുന്നുണ്ട്. വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്നത് തടയാൻ ഗോഹത്യയും ഗോദഹനവും മുതൽ ഓഫീസ് രേഖകളുടെ മോഷണവും വ്യാജവാർത്തകളുടെ പ്രചാരണവും നടന്നു.
1993 സെപ്റ്റംബർ മുതൽ സംശയകരമായ സാഹചര്യത്തിൽ വെച്ചൂർ ഫാമിൽ പശുക്കൾ പൊടുന്നനെ ചത്തുപോവാൻ തുടങ്ങി. 1993 സെപ്തംബർ മുതൽ 1996 മെയ് വരെയുള്ള കാലയളവിൽ പത്തൊൻപത് വെച്ചൂർ പശുക്കളാണ് ഫാമിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

ആദ്യം മരണകാരണം പാമ്പുകടിയാണെന്നാണ് സംശയിച്ചത്. ചത്തുവീണ പതിനഞ്ചിലധികം പശുക്കളുടെ ജഡം അറുത്തുകീറി പരിശോധിച്ചിട്ടും സർവകലാശാലയിലെ രോഗനിദാന ശാസ്ത്രജ്ഞൻമാർക്ക് മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് വിചിത്രമായിരുന്നു.

ഒടുവിൽ കാക്കനാട്ടെ ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് പരിശോധനാഫലം പുറത്തുന്നപ്പോഴാണ് മരണകാരണം ഫോറേറ്റ് വിഷമാണെന്നും അത് പുല്ലിലൂടെ അകത്ത് ചെന്നാണ് പശുക്കൾ മരണപ്പെട്ടതെന്നും തെളിഞ്ഞത്. വെച്ചൂർ ഫാമിൽ വിതരണം ചെയ്യുന്ന തീറ്റപുല്ല് വഴിയുള്ള വിഷബാധയാണ് പശുക്കളുടെ മരണകാരണം എന്നറിഞ്ഞതോടെ തുടർന്നും വിഷബാധയുണ്ടാവാം എന്ന ഭയത്തെ തുടർന്ന് വെച്ചൂർ ഫാമിൽ പശുക്കൾക്ക് തീറ്റപുല്ല് നൽകുന്നത് അവസാനിപ്പിക്കുക വരെയുണ്ടായി, പിന്നീട് കുറെകാലം വൈക്കോലും വെള്ളവും മാത്രമായിരുന്നു ആ മിണ്ടാപ്രാണികളുടെ തീറ്റ.

വെച്ചൂർ പശുക്കൾ വിഷബാധയേറ്റ് മരണപ്പെട്ടപ്പോൾ അതിന് പിന്നിൽ ശോശാമ്മ ടീച്ചർ ആണെന്ന് ദുരാരോപണം ഉന്നയിക്കാൻ വരെ ആളുകൾ ഉണ്ടായിരുന്നു. വെച്ചൂർ പരിരക്ഷണ പദ്ധതി പരാജയം ആണെന്നും പദ്ധതിയുടെ പരാജയം മൂടിവെക്കാനും കാലാവധി പൂർത്തിയാക്കിയ വെച്ചൂർ പ്രൊജക്ട് വീണ്ടും നിലനിർത്തുന്നതിന് വേണ്ടിയും പദ്ധതി വകുപ്പ് മേധാവി ആസൂത്രണം ചെയ്ത കുറുക്കുവിദ്യയാണ് വെച്ചൂർ പശുക്കളുടെ കൊലപാതകമെന്ന് അരോപണമുണ്ടായെന്ന് ടീച്ചർ എഴുതുന്നു.

അന്ന് തൃശ്ശൂർ എസ്.പി. ആയിരുന്ന ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെച്ചൂർ പശുക്കളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചെങ്കിലും അന്വേഷണം പാതിവഴിയിൽ നിലച്ചു. വെച്ചൂർ പശു പരിരക്ഷണപദ്ധതിയെ മുളയിലേ നുള്ളാനും ശോശാമ്മ ടീച്ചറെ തൽസ്ഥാനത്ത് നിന്ന് നീക്കാനും അവഹേളിക്കാനും ചില ഗൂഢശക്തികൾ ആസൂത്രണം ചെയ്ത കണ്ണില്ലാത്ത ക്രൂരതയായിരുന്നു വിഷം നൽകിയുള്ള ഗോഹത്യ.

പശുക്കളിലെ മാരക പകർച്ചവ്യാധിയായ കുളമ്പുരോഗം ബാധിച്ച സങ്കരയിനം പശുവിനെ ആരുമറിയാതെ വെച്ചൂർ പശുക്കളുടെ തൊഴുത്തിൽ കൊണ്ടുകെട്ടി വെച്ചൂർ പശുക്കൾക്ക് കുളമ്പ് രോഗം പടർത്താൻ വരെയുള്ള കുത്സിതശ്രമങ്ങൾ അക്കാലത്ത് നടന്നു.

1996- ൽ ശോശാമ്മ ഐപ്പ് ടീച്ചർ ലൈവ്സ്റ്റോക്ക് ഫാം മേധാവി ആയിരിക്കെ ഫാമിൽ ഉണ്ടായ ഏറെ ദുരൂഹമായ തീപിടുത്തത്തെ തുടർന്ന് ഇരുപത്തിയെട്ട് പശുക്കളാണ് വെന്തൊടുങ്ങിയത്.

ശോശാമ്മ ടീച്ചറെ കരിവാരിതേയ്ക്കാൻ വേണ്ടി ശ്രമിച്ച ഗൂഢശക്തികളുടെ കറുത്ത കൈകൾ തീപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്നത് വ്യക്തമായിരുന്നു. പതിവുപോലെ പോലീസ് അന്വേഷണം നടന്നെങ്കിലും കേസ് എങ്ങുമെത്തിയില്ല. മിണ്ടാപ്രാണികളോട് കാണിച്ച മനസ്സ് മരവിക്കുന്ന ഈ ക്രൂരതകൾ വെച്ചൂർപശു പുനർജ്ജന്മം എന്ന പുസ്തകത്തിൽ ശോശാമ്മ ടീച്ചർ തുറന്നെഴുതുമ്പോൾ വായനക്കാരുടെ മനസ്സ് പിടയും.

വെച്ചൂർ പശുക്കളെ ഇല്ലാതാക്കാൻ ഗീബൽസിയൻ തന്ത്രങ്ങൾ; കള്ളക്കടത്ത് കുറ്റം മുതൽ രാജ്യദ്രോഹം വരെ ആരോപണങ്ങൾ

വെച്ചൂർ പരിരക്ഷണപദ്ധതിയെ തകർക്കാനായി പ്രവർത്തിച്ച ഗൂഢശക്തികൾ പദ്ധതിക്കെതിരെയും ശോശാമ്മ ടീച്ചർക്കെതിരെയും പെരുംനുണകൾ പടച്ചുവിടാൻ വേണ്ടിയും നിരന്തരം ശ്രമിച്ചു.

 'ഒരേ നുണ നൂറുവട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമായി മാറും' എന്ന ഗീബൽസിയൻ തന്ത്രമാണ് അവർ പയറ്റിയത്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെയും ചാനലുകളെയും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളെയും ഇതിന് വെച്ചൂർ പദ്ധതി വിരുദ്ധർ കരുവാക്കി.

വെച്ചൂർ പരിരക്ഷണപദ്ധതിയ്ക്കും ശോശാമ്മ ടീച്ചർക്കും നേരെ ഗുരുതരമായ ആരോപണങ്ങളും വ്യക്തിഹത്യ നടത്തുന്ന വാർത്തകളും മാധ്യമവിചാരണകളും ഇതേ തുടർന്നുണ്ടായി.

ഇല്ലാക്കഥകൾ ഊതിപെരുപ്പിച്ച് ശോശാമ്മ ടീച്ചറെ വ്യക്തിപരമായി താറടിയ്ക്കാനും മാനസികമായി തളർത്താനും പൊതുസമൂഹത്തിന് മുന്നിൽ കുറ്റവാളിയായും രാജ്യദ്രോഹിയും ചിത്രീകരിക്കാനും വരെ ശ്രമങ്ങൾ പലതവണ നടന്നു.

1998- ആഗസ്ത് 2-ന് 'വെച്ചൂർ പശുക്കൾക്ക് ബ്രിട്ടൺ പേറ്റന്റ് സമ്പാദിച്ചു എന്ന തലക്കെട്ടിൽ ചില പത്രങ്ങൾ വാർത്ത നൽകുകയുണ്ടായി. ലോകത്ത് ക്ലോണിംഗിലൂടെ ആദ്യത്തെ ചെമ്മരിയാട്ടിൻ കുട്ടിക്ക് ജന്മം നൽകിയ സ്കോട്ട്ലാന്റിലെ എഡിൻബർഗ് സർവകലാശാലയുടെ ഭാഗമായ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടാണ് വെച്ചൂർ പശുവിന് പേറ്റന്റ് സമ്പാദിച്ചത് എന്നായിരുന്നു റിപ്പോർട്ട്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ വന്ദനശിവയെ ഉദ്ധരിച്ചായിരുന്നു വാർത്ത നൽകിയത്.

                                      https://www.youtube.com/@keralahotelnews




SHARE

Author: verified_user