കോന്നിയിൽ ഹോട്ടലുടമ മരിച്ച നിലയിൽ; കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതെന്ന് സംശയം
പത്തനംതിട്ട കോന്നിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ്(42) ആണ് മരിച്ചത്. ബിജെപി മുൻ ഏരിയ പ്രസിഡന്റായിരുന്നു. റിപ്പബ്ലിക്കൽ സ്കൂളിന് സമീപം 'കൃഷ്ണ' എന്ന ഹോട്ടൽ നടത്തിവരുകയായിരുന്നു അഭിലാഷ്. ഇതിന്റെ മുകൾനിലയിൽ തന്നെയാണ് താമസിച്ചിരുന്നത്.
ഇന്നു രാവിലെ 6.15നു അഭിലാഷിനെ ഈ കെട്ടിടത്തിനു താഴെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി കെട്ടിടത്തിന്റെ മുകളിൽനിന്നു വീണതാണെന്നാണ് നിഗമനം.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവിദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.