പത്തനംതിട്ട ∙ കോഴഞ്ചേരി പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായുള്ള വള്ളം, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനം കീഴുകര വള്ളപ്പുഴക്കടവിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ ക്രമീകരിക്കണമെന്നുള്ളത് പൂർണമായി ഉൾക്കൊണ്ടുള്ള കോഴഞ്ചേരി പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
കോഴഞ്ചേരി പഞ്ചായത്തിനായി വാങ്ങിയ ദുരന്തനിവാരണ ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. നദീതീരത്തുള്ള പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മോട്ടർ ഘടിപ്പിച്ച വള്ളം, കാറ്റ് നിറച്ച് ഉപയോഗിക്കുന്ന ഡിങ്കി തുടങ്ങിയവ വാങ്ങുന്നതിന് ജില്ലാ പഞ്ചായത്തിന്റെ വിഹിതം നൽകുന്നതിനായി 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ വിഹിതമായ 2 ലക്ഷം രൂപയും പഞ്ചായത്തിന്റെ വിഹിതമായ ഒന്നര ലക്ഷം രൂപയും ചെലവഴിച്ചാണ് വള്ളം വാങ്ങിയത്.ഇതോടൊപ്പം ലൈഫ് ജാക്കറ്റുകൾ, മരം മുറിക്കുന്നതിനുള്ള മെഷീൻ, കാട് തെളിക്കുന്നതിനുള്ള മെഷീൻ എന്നിവയും വാങ്ങി. കോഴഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ബിജോ പി. മാത്യു, സുമിത ഉദയകുമാർ, സോണി കൊച്ചു തുണ്ടിയിൽ, കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷനെ (KHRA) പ്രതിനിധീകരിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.വി. ജാഫർ ശുചിത്വ മിഷൻ സമിതി കൺവീനറും വാർഡ് മെംബറുമായ ബിജിലി പി. ഈശോ, വാർഡ് മെംബർമാരായ ടി.ടി. വാസു, സുനിത ഫിലിപ്, സി.എം. മേരിക്കുട്ടി, സാലി ഫിലിപ്, ഗീതു മുരളി, പഞ്ചായത്ത് സെക്രട്ടറി ഷാജി എ. തമ്പി, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.