കൊച്ചി: നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകളിൽ ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാത്തതും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഇല്ലാത്തതുമായ 20 കടകൾക്ക് നോട്ടീസ് നൽകി. 10 കടകൾ പൂട്ടി.
ശനിയാഴ്ച രാത്രി ഒൻപതുമുതൽ ആരംഭിച്ച പരിശോധന അർധരാത്രിവരെ തുടർന്നു. കലൂർ, പാലാരിവട്ടം ബൈപ്പാസ്, വൈറ്റില തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന ഉണ്ടായിരുന്നു. നൂറ് കടകളിലാണ് പരിശോധന നടത്തിയത്. വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം വിൽക്കുന്ന കടകൾക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നൽകി.
നഗരത്തിൽ 2360 കടകൾക്ക് മാത്രമാണ് കോർപ്പറേഷൻ ലൈസൻസ് നൽകിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ 5000 കടകൾ അനധികൃതമായി പ്രവത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
അമിക്കസ് ക്യൂറി അഡ്വ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റവന്യൂ ഇൻസ്പെക്ടർ ഗിരീഷ് കുമാർ, സബ് ഇൻസ്പെക്ടർ നന്ദകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വി.വി. സുരേഷ് കുമാർ, അരുൺകുമാർ, ഫുഡ് അനലിസ്റ്റ് ശ്രീല, ഭക്ഷ്യസുരക്ഷാ ഓഫീസർ ആതിരാദേവി, ടിജോ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വലിയ ഹോട്ടലുകൾക്കു പോലും തട്ടുകട എന്നു പേരിടുന്ന കാലമാണിത്. ജനപ്രിയമാണ് തട്ടുകടകൾ എന്നതിന്റ സൂചന കൂടിയാണിത്.
മറ്റ് മേഖലകൾ എന്നതു പോലെ തട്ടുകടകളും ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയത്തു പോലും കൊച്ചി കോർപ്പറേഷന്റെ പരിധിയിൽ മാത്രം 500നു മുകളിൽ വരുമെന്നായിരുന്നു ഔദ്യോഗികമായ കണക്ക്. അനൗദ്യോഗികമായി കണക്കെടുത്താൽ ഇനിയും ഇരട്ടിയാണ് നമ്പർ ആയിരിക്കാൻ സാധ്യത.
ഇതിൽ ഏറ്റവും വലിയ വിരോധാഭാസം അംഗീകൃത കടകളെകാൾ റേറ്റ് കൂട്ടി തട്ടുകടകൾ പൊതുജനങ്ങൾക്ക് വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് വാങ്ങുന്നു എന്നുള്ളതാണ്. ഇത്തരം തട്ടുകടകൾക്ക് ജി എസ് ടി, വെള്ളം പരിശോധിക്കുകയോ, ഭക്ഷണസാധനങ്ങൾ മൂടിവയ്ക്കുകയോ, തൊഴിലാളികളുടെ മെഡിക്കൽ എടുക്കേണ്ടതോ, ലേബർ രജിസ്ട്രേഷൻ, ബിൽഡിംഗ് ടാക്സ്, വാടക, കൊമേഷ്യൽ കറണ്ട് ചാർജ്, കൊമേർഷ്യൽ ഗ്യാസ്, ഇതൊന്നും ബാധകമല്ല ഉള്ളതാണ് ഏറ്റവും വലിയ കാര്യം. എന്നാൽ മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും പരമ്പരാഗത സാധാ ഹോട്ടൽ വ്യവസായം ചെയ്യുന്നവർക്ക് ബാധകമാണ് താനും.
അതായത് തട്ടുകടക്കാർക്ക് ഏത് ചെളികുണ്ടിലും ബിസിനസ് ചെയ്യാമെന്ന് അർത്ഥം.
ഹോട്ടലുകൾക്കും, റസ്റ്റോറന്റുകൾക്കും, പ്രാദേശിക മുനിസിപ്പാലിറ്റിയിൽ നിന്നും ഡേഞ്ചറസ് ആൻഡ് ഒഫൻസീവ് ട്രേഡ് ലൈസൻസ് (ഡിഎൻഒ), ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ പെർമിറ്റ് തുടങ്ങിയവ ബിസിനസ് തുടങ്ങാൻ ആവശ്യമാണ്. എന്നാൽ തട്ടുകടകൾക്ക് സംസ്ഥാന ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റിൽ രജിസ്റ്റർ ചെയ്താൽ ബിസിനസ് തുടങ്ങാൻ സാധിക്കും.
റോഡ്സൈഡ് ഭക്ഷണം (Roadside Eateries), രജിസ്റ്റർ ചെയ്യേണ്ടത് എഫ്എസ്എസ്ഐ യുടെ കീഴിലാണ്. ഐഡന്റിറ്റി വിവരങ്ങൾ, സ്റ്റാൾ സംബന്ധമായ വിവരങ്ങൾ, താരതമ്യേന ചെറിയ വാർഷിക ഫീസ് എന്നിവ നൽകി ബിസിനസ് ആരംഭിക്കാം. ഒരു ദിവസം 3,000 രൂപയിൽ താഴെ വരുമാനമുള്ള തട്ടുകടകൾക്ക് അടിസ്ഥാന രജിസ്ട്രേഷനാണ് ആവശ്യമായത്.
2014 ൽ ഇന്ത്യൻ പാർലമെന്റ് സ്ട്രീറ്റ് വെൻഡേഴ്സ് ആക്ട് പാസാക്കിയിരുന്നു. സ്റ്റാളുകളെ തിരഞ്ഞെടുത്ത ലൊക്കേഷനുകളിലേക്ക് പുനരധിവസിപ്പിക്കണമെന്ന് ഇതിൽ മാർഗനിർദേശമുണ്ടായിരുന്നു. എന്നാൽ ഈ നിയമം അതിന്റെ പൂർണാർത്ഥത്തിൽ കേരളത്തിൽ നടപ്പാക്കിയിട്ടില്ല. സ്റ്റാളുകളുടെ നിസ്സഹകരണവും തടസ്സമാണ്. ഒരു ദിവസം 50,000 രൂപ മുതൽ 1 ലക്ഷം 2 ലക്ഷം രൂപ വരെ വിറ്റുവരവുള്ള തട്ടുകടകൾ കേരളത്തിലുണ്ട് , സ്ഥലം മാറിയാൽ തങ്ങളുടെ വരുമാനം ഇടിയുമെന്ന് ഭയപ്പെടുന്നു.
കണ്ണായ സ്ഥലങ്ങളിൽ..
ചില തട്ടുകടകൾ ബസ് സ്റ്റേഷനുകൾ പോലെ ജനത്തിരക്കുള്ള സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പലതും ഹോട്ടലുകളേക്കാൾ വലിയ വരുമാനം ചില ദിവസങ്ങളിൽ ഉണ്ടാക്കാറുമുണ്ട്.മിക്ക തട്ടുകടകളും സന്ധ്യ മുതൽ അർത്ഥരാത്രി വരെ പ്രവർത്തിക്കുന്നവയാണ്. വാഹനങ്ങൾ തട്ടുകടകളാക്കി മാറ്റി വില്പന പൊടിപൊടിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളും ഇടയ്ക്ക് വാർത്തകളിൽ സ്ഥാനം പിടിക്കാറുണ്ട്. എറണാകുളം ജില്ലയിൽ മാത്രം ഏകദേശം 2000 ഓളം തട്ടുകടകൾ 2017 ൽ അടച്ചു പൂട്ടിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ കീഴിൽ രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ പരിശോധനയെ തുടർന്നായിരുന്നു ഇത്. സ്ഥിരമായ പരിശോധനകൾ ഇല്ലാത്തത് ഇടയ്ക്കിടെ പരാതികൾക്ക് ഇടയാക്കാറുമുണ്ട്. എന്നാൽ വർഷങ്ങളായി പരാതികൾക്കിട നൽകാതെ, നല്ല രീതിയിൽ പ്രവർത്തിക്കുന്ന തട്ടുകടകളും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. വിശ്വാസത്തോടെ ഇവിടങ്ങളിൽ എത്തി സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരുമുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇത്തരം അനധികൃത തട്ടുകടകളിൽ ഗുണ്ടാവിളയാട്ടവും അന്യായ വില കൂട്ടി വാങ്ങുന്നതിന്റെ തർക്കവും വഴക്കുകളും സ്ഥിരം കാണുന്നതാണ്. ഇവരെ സംരക്ഷിക്കാൻ രാഷ്ട്രീയക്കാരും ചില ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.